ബംഗളൂരു: ട്രക്കിംഗിനിടെ കുടകിലെ കൊടും വനത്തില്‍ അകപ്പെട്ട സാഹചര്യം വിശദീകരിച്ച് ശരണ്യ. ആരോഗ്യപ്രശ്നങ്ങളില്ലെന്നും തന്നെ കണ്ടെത്താനും രക്ഷിക്കാനും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ശരണ്യ പറഞ്ഞു. വനത്തിലൂടെ നടന്നുവരുന്നതിനിടെ ഒരു ഇറക്കത്തിന് മുകളിലും താഴെയുമായി തന്റെ കൂടെയുള്ളവര്‍ നില്ക്കുന്നതായി കണ്ടിരുന്നു.
എന്നാല്‍ ഒരു വളവ് തിരിഞ്ഞ് നോക്കിയപ്പോള്‍ മുകളിലുള്ളവരേയും താഴെയുള്ളവരേയും കാണാതെയായി. ഇതോടെ വഴി തെറ്റിയെന്ന് ബോധ്യമായി. തുടർന്ന് നടന്ന് ചെന്നത് കൊടുംവനത്തിലാണ്. പിന്നീട് സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായി പോയി. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്.
ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് ഡ്രോണിന് ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്നും ശരണ്യ പറഞ്ഞു. വനമേഖലയില്‍ നിന്ന് പുറത്തെത്തിച്ച ശരണ്യയെ തൊട്ടടുത്തുള്ള കാക്കബെ ഗ്രാമത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുമെന്ന് അധികൃതർ പറഞ്ഞു.
കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയായ ശരണ്യയെ കഴിഞ്ഞ രണ്ടിനാണ് കാണാതായത്. നാല് ദിവസമായി ശരണ്യയ്ക്കായുള്ള തെരച്ചിൽ നടക്കുകയായിരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു ശരണ്യ.